English| മലയാളം

ചരിത്രം

സാമൂഹ്യ-സാംസ്കാരിക ചരിത്രം

 

വേണാട് രാജ്യത്തിന്റെ ഭാഗമായും, തുടര്‍ന്ന് തിരുവിതാംകൂര്‍ രാജ്യത്തിലും ഉള്‍പ്പെട്ടിരുന്ന പ്രദേശമാണ് നെയ്യാറ്റിന്‍കര. എട്ടുവീട്ടില്‍ പിള്ളമാരില്‍ നിന്ന് രക്ഷപ്പെടുവാന്‍ പലായനം ചെയ്യുന്ന കാലത്ത് ഈ പ്രദേശത്തു വച്ച് മാര്‍ത്താണ്ഡവര്‍മ്മ ശത്രുക്കളില്‍ നിന്നും രക്ഷപ്പെടുന്നതിന്, ഉള്ളു പൊള്ളയായ ഒരു പ്ലാവിന്റെ പൊത്തിനുള്ളില്‍ കയറി മറഞ്ഞിരിക്കുകയുണ്ടായി. രക്ഷാമാര്‍ഗ്ഗം തേടുന്നതിനിടയില്‍ ഇങ്ങനെയൊരു പ്ലാവ് ചൂണ്ടിക്കാണിച്ചുകൊടുത്തത് അപ്പോള്‍ അതുവഴി വന്ന ഒരു കൊച്ചു കുട്ടിയായിരുന്നുവത്രെ. ഉദരത്തില്‍ മാതാവ് കൊച്ചുകുഞ്ഞിനെ സംരക്ഷിക്കും പോലെ തന്നെ രക്ഷിച്ച പ്ലാവിനെ അദ്ദേഹം അമ്മച്ചിപ്ലാവ് എന്നു വിളിച്ചു. ബാലകനായി വന്ന് തന്നെ രക്ഷിച്ച കൊച്ചുകുട്ടി ശ്രീകൃഷ്ണന്‍ തന്നെയാണെന്ന് ഉറച്ചു വിശ്വസിച്ച അദ്ദേഹം ഭരണാധികാരിയായ ശേഷം പിന്നീട് അമ്മച്ചിപ്ലാവിനു സമീപത്തായി 1757-ല്‍ ഒരു ശ്രീകൃഷ്ണക്ഷേത്രം നിര്‍മ്മിക്കുകയുണ്ടായി. തിരുവിതാംകൂറിലെ ബര്‍‌ദോളി എന്ന് മഹാത്മാഗാന്ധി വിശേഷിപ്പിച്ച നെയ്യാറ്റിന്‍കരയില്‍ തന്നെയാണ് ആദ്യമായി ഇന്ത്യന്‍ സ്വാതന്ത്ര്യസമര ഭടന്മാര്‍ക്കെതിരെ ബ്രിട്ടീഷുകാര്‍ വെടിമുഴക്കിയതും. 1938-ല്‍ ബ്രിട്ടീഷുകാര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സിനെതിരെ നിരോധനം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് സ്റ്റേറ്റ് കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന പത്മനാഭപിള്ളയെ അറസ്റ്റു ചെയ്തതിനെതിരെ നടന്ന പ്രക്ഷോഭത്തില്‍ സ്വാതന്ത്ര്യസമര ഭടന്മാര്‍ പോലീസ് ഉപേക്ഷിച്ചുപോയ കാര്‍ കത്തിക്കുകയും തത്ഫലമായി പട്ടാളം ജനങ്ങള്‍ക്കു നേരെ നടത്തിയ വെടിവെയ്പില്‍ വീരരാഘവന്‍ , കല്ലുവിള പൊടിയന്‍ , അത്താഴമംഗലം രാഘവന്‍ , നടവൂര്‍ ചെല്ലകുട്ടന്‍ , കുട്ടന്‍പിള്ള, വാറുവിളാകം മുത്തന്‍ പിള്ള, വാറുവിളാകം പത്മനാഭപിള്ള, മരുത്തൂര്‍ വാസുദേവന്‍ എന്നിവര്‍ രക്തസാക്ഷികളാവുകയുമുണ്ടായി. ഇവരോടുള്ള ആദരസൂചകമായി സ്വദേശാഭിമാനി പാര്‍ക്കിനു സമീപത്ത് ഒരു രക്തസാക്ഷി സ്മാരകസ്തൂപം സ്ഥാപിച്ചിട്ടുണ്ട്. 1862-ല്‍ ആരംഭിച്ച അമരവിള എല്‍എംഎസ് എല്‍ പി സ്ക്കൂളാണ് ഇവിടെ സ്ഥാപിക്കപ്പെട്ട ആദ്യ സ്കൂളെന്നും, അതല്ല നെയ്യാറ്റിന്‍കര ഠൌണ്‍ എല്‍ പി എസ് ആണ് നെയ്യാറ്റിന്‍കരയിലെ ആദ്യ വിദ്യാലയമെന്നും വ്യത്യസ്താഭിപ്രായമുണ്ട്. നെയ്യാറ്റിന്‍കരയില്‍ 1884-ല്‍ തന്നെ ഇംഗ്ലീഷ് മീഡിയം സ്കൂളും, മലയാളം മീഡിയം സ്കൂളും പ്രവര്‍ത്തനമാരംഭിച്ചിരുന്നുവെന്നും പറയപ്പെടുന്നു. കേരളത്തില്‍ ആദ്യമായി എസ്എന്‍ഡിപി യോഗം അതിന്റെ പ്രഥമ യൂണിറ്റ് നെയ്യാറ്റിന്‍കരയിലാണ് തുടങ്ങിയത്. 1903-ല്‍ ശ്രീനാരായണ ഗുരുവിന്റെ അനുഗ്രഹാശ്ശിസ്സുകളോടെ യോഗം അതിന്റെ യൂണിറ്റ് റ്റി.ബി ജംഗ്ഷനടുത്ത് നാഷണല്‍ ഹൈവേയോടു ചേര്‍ന്നുകിടക്കുന്ന സ്ഥലത്ത് ആരംഭിച്ചു. സ്വാമി വിവേകാനന്ദന്‍ , ശ്രീനാരായണഗുരു, ചട്ടമ്പി സ്വാമികള്‍ , വൈകുണ്ഠസ്വാമികള്‍ , അയ്യന്‍കാളി, മഹാത്മാ ഗാന്ധി എന്നിവര്‍ വിവിധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഈ പ്രദേശം സന്ദര്‍ശിച്ചിട്ടുണ്ട്. നെയ്യാറ്റിന്‍കരയിലെ ജ്ഞാനപ്രദായിനി ഗ്രന്ഥശാല ഒരു കാലത്ത് സാംസ്കാരിക മേഖലകളില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ മഹത്സ്ഥാപനമാണ്. 1941-ല്‍ ഇവിടെ നടന്ന അഖില തിരുവിതാംകൂര്‍ ഗ്രന്ഥശാലാ സമ്മേളനം വളരെ പ്രാധാന്യമര്‍ഹിക്കുന്ന ചരിത്രസംഭവമാണ്. നെയ്യാറ്റിന്‍കര പട്ടണത്തിന്റെ മദ്ധ്യഭാഗത്തുകൂടി എന്‍എച്ച്-47 കടന്നു പോകുന്നു. റെയില്‍പാത നഗരസഭയില്‍ കൂടി കടന്ന് പോകുന്നുണ്ട്. അമ്മച്ചി പ്ലാവിന് സമീപത്തായി മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് നിര്‍മ്മിച്ച ശ്രീകൃഷ്ണ സ്വാമിക്ഷേത്രം കേരളത്തിലെ പ്രമുഖ ക്ഷേത്രങ്ങളിലൊന്നാണ്. ശ്രീനാരായണഗുരു ശിവപ്രതിഷ്ഠ നടത്തിയ അരുവിപ്പുറം നെയ്യാറ്റിന്‍കര നഗരത്തോട് വളരെ സമീപത്തായാണ് സ്ഥിതി ചെയ്യുന്നത്. ശ്രീനാരായണീയ ഭക്തരുടെ പ്രധാന തീര്‍ഥാടനകേന്ദ്രം കൂടിയാണ് അരുവിപ്പുറം. മലകളാല്‍ ചുറ്റപ്പെട്ട് നെയ്യാറിനുള്ളില്‍ സ്ഥിതി ചെയ്യുന്ന അതിമനോഹരമായ ദ്വീപ് പ്രദേശമാണ് വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന ഈരാറ്റിന്‍പുറം. അന്താരാഷ്ട്ര വിനോദസഞ്ചാരകേന്ദ്രമായ കോവളവും, അഗസ്ത്യാര്‍കൂടം, നെയ്യാര്‍ഡാം, വിഴിഞ്ഞം, പൂവാര്‍ , തൃപ്പരപ്പ് മുതലായ മറ്റു വിനോദസഞ്ചാര കേന്ദ്രങ്ങളും നെയ്യാറ്റിന്‍കരയില്‍ നിന്നും ഏറെ അകലത്തല്ലാതെയാണ് സ്ഥിതി ചെയ്യുന്നത്. മാര്‍ത്താണ്ഡവര്‍മ്മ ശത്രുക്കളായ എട്ടുവീട്ടില്‍ പിള്ളമാരില്‍ നിന്നും രക്ഷപ്പെടാന്‍ ഒളിച്ചിരുന്ന “അമ്മച്ചി പ്ലാവ്” ചരിത്രകുതുകികളുള്‍പ്പെടെ എല്ലാത്തരം സഞ്ചാരികളേയും ഒരുപോലെ ഇന്നും ആകര്‍ഷിക്കുന്നു.