English| മലയാളം

ആമുഖം

തിരുവനന്തപുരം ജില്ലയില്‍ നെയ്യാറ്റിന്‍കര താലൂക്കിലാണ് നെയ്യാറ്റിന്‍കര നഗരസഭ സ്ഥിതി ചെയ്യുന്നത്. അതിയന്നൂര്‍ , നെയ്യാറ്റിന്‍കര, പെരുമ്പഴുതൂര്‍ , ചെങ്കല്‍ , കൊല്ലയില്‍ , തിരുപുറം എന്നീ വില്ലേജുകളിലായാണ് നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റി വ്യാപിച്ചുകിടക്കുന്നത്. ഭൂപ്രകൃതിയനുസരിച്ച് നഗരസഭാപ്രദേശത്തെ കുത്തനെയുള്ള ചെരിവ്, ചെറിയ ചെരിവ്, താഴ്വരകള്‍ , സമതലങ്ങള്‍ , ചെരിഞ്ഞ താഴ്‌വരകള്‍ എന്നിങ്ങനെ അഞ്ചായി തരംതിരിക്കാം. പാരുമണ്ണ്, ചെളി ചേര്‍ന്ന മണ്ണ്, ചരല്‍ മണ്ണ്, മണല്‍ മണ്ണ്, കളിമണ്ണ്, ചെമ്മണ്ണ് എന്നിവയാണ് ഈ പ്രദേശത്ത് കാണപ്പെടുന്ന പ്രധാന മണ്ണിനങ്ങള്‍ . പശ്ചിമഘട്ടത്തിലെ അഗസ്ത്യാര്‍കൂടത്തില്‍ നിന്നും ഉത്ഭവിച്ച്, പടിഞ്ഞാറ് അറേബ്യന്‍ സമുദ്രത്തില്‍ സംഗമിക്കുന്ന നദിയായ നെയ്യാര്‍ ഈ പ്രദേശത്തുകൂടി പ്രവഹിക്കുന്നതിനാലാണ് ഇവിടം നെയ്യാറ്റിന്‍കര എന്നറിയപ്പെടാന്‍ കാരണമായത്. 1913 ജൂണ്‍മാസം 14-ാം തീയതി ഗവണ്‍‌മെന്റ് ഉത്തരവു പ്രകാരം നിലവില്‍ വന്ന ടൌണ്‍ ഇംപ്രൂവ്‌മെന്റ് കമ്മിറ്റിയുടെ ചെയര്‍മാനായി വടക്കേകോട്ട എന്‍ കൃഷ്ണപിള്ള നിയമിക്കപ്പെട്ടു. 1914-ല്‍ മുനിസിപ്പാലിറ്റിയായി ഉയര്‍ത്തപ്പെട്ട നെയ്യാറ്റിന്‍കരയുടെ ആദ്യ ചെയര്‍മാനായി എന്‍ കെ പത്മനാഭപിള്ള അവരോധിതനായി.